2014, നവംബർ 28, വെള്ളിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - "ഞാന്‍"

മലയാള സിനിമയില്‍ രഞ്ജിത്ത് എന്ന സംവിധായകന്‍ ഗൌരവമായി ചിന്തിച്ചു സിനിമയെടുത്ത് തുടങ്ങിയത് ഈ അടുത്തകാലത്താണല്ലോ.  അതില്‍പെട്ട ഒരു സിനിമയാണ് ഞാന്‍.  സംഘടനാപരമായ ചട്ടക്കൂടുകള്‍ പൊളിച്ചു ജനപക്ഷത്ത് നില്‍ക്കാന്‍ ശ്രമിച്ച് ഒന്നുമാല്ലാതായി കാലത്തിന്‍റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ മനുഷ്യസ്നേഹിയുടെ കഥ.  അതാണ്‌ കെ.ടി.എന്‍. കോട്ടൂര്‍.


ദുല്‍ഖര്‍ സല്‍മാന്‍ അഭിനയം മോശമാക്കിയില്ല.  പക്ഷെ കുറച്ചുകൂടി‍ റേഞ്ച് കൂടിയ ആരെയെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു.  ഭൂതകാലവും വര്‍ത്തമാനവും ഇടകലര്‍ത്തി കാണിച്ചിരിക്കുന്നു രഞ്ജിത്ത്.  ഓരോ കഥാപാത്രവും അനുയോജ്യമായ കാസ്റ്റിംഗ് കൂടിയായപ്പോള്‍ മനോഹരമായിരിക്കുന്നു.  ഇത് രണ്ജിത്തിനു മാത്രം കഴിയുന്നതാണ്.  ഫുള്‍ ക്രെഡിറ്റ്.

ജീവിതഗന്ധിയായ ചില സന്ദര്‍ഭങ്ങളും സംഭാഷണ ശകലങ്ങളും ഏറെ ഹൃദ്യമായി തോന്നി.  പ്രത്യയശാസ്ത്രപ്രരമായി പാര്‍ട്ടികള്‍ക്ക് ചില സന്ദേശങ്ങള്‍ കൊടുക്കുന്നുണ്ട് ഇതിലൂടെ.  സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി പ്രസ്ഥാനപരമായ അല്ലെങ്കില്‍ ആശയപരമായ ഹൈജാക്കിംഗ് എല്ലാം ഇന്നത്തെപോലെ അന്നും ഉണ്ടായിരുന്നു!  അവസാനം സിനിമ തീരുമ്പോള്‍ ജാഥ നയിക്കുന്നവരെ കാണിക്കുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ചിലമുഖങ്ങളെ അവര്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടി സംവിധായകന്‍ വലിച്ചു കീറിതന്നെ നമുക്ക് കാണിച്ചു തരുന്നു.

പഴമയും പുതുമയും ഇഴചേര്‍ക്കുമ്പോള്‍ അതിനു നല്ല കളര്‍കോമ്പിനേഷനും അതിനനുസരിച്ച ലൊക്കേഷനും, സംഗീതവും, എല്ലാം ആ സംവിധായകനിലെ പ്രതിഭ വെളിപ്പെടുത്തുന്നു.  എല്ലാറ്റിലും ഉപരി ഇതൊരു രണ്ജിത്ത് സിനിമയാണ്.

എന്‍റെ റേറ്റിംഗ്: 7.5/10

2014, നവംബർ 23, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - രാജാധിരാജ!

മമ്മൂട്ടി എന്ന മലയാളത്തിന്‍റെ അഭിമാനമായ മഹാനടനെ നശിപ്പിക്കുന്ന സിനിമകള്‍ എടുത്ത്നോക്കിയാല്‍ അതില്‍ ആദ്യത്തെ പേരുകളില്‍ ഈ സിനിമയും സ്ഥാനം പിടിക്കും എന്നുള്ള കാര്യം നൂറുതരം.  എഴുതിയുണ്ടാക്കിയത് ട്വിസ്റ്റ്‌ രംഗത്തെ ആശാന്മാരായ ഉദയകൃഷ്ണ-സിബി കെ. തോമസ്‌ ടീം ആണെന്ന് കേട്ടപ്പോള്‍ തന്നെ മനസ്സുകൊണ്ട് തീര്‍ച്ചപ്പെടുത്തിയ പോലെ തന്നെ. ഒന്നാന്തരം മടുപ്പിക്കല്‍!  മുന്നറിയിപ്പ് എന്ന സിനിമ ആ പേരുകൊണ്ട് രാജാധിരാജ എന്ന സിനിമയെക്കുറിച്ച മുന്നറിയിപ്പ് ആയിരുന്നു എന്ന് തോന്നുന്നു!
ബോംബെയിലെ (സോറി മുംബൈ) അധോലോക പരിപാടികള്‍ ഒക്കെ നിര്‍ത്തി ഉല്‍കൃഷ്ടശിരോമണിയായി ജീവിക്കുന്ന നായകന്‍ ശേഖരന്‍കുട്ടി (മമ്മൂട്ടി) ഭാര്യ രാധ (റായ് ലക്ഷ്മി-ഓള് പേര് ഒന്ന് തിരിച്ചിട്ടതാ സംശയിക്കണ്ട പഴയ ലക്ഷ്മി റായ് തന്നെടേ!) പിന്നെ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ എന്നിവരടങ്ങുന്ന കുടുംബം.  പെട്രോള്‍ പമ്പ് മാനേജറായി ജീവിക്കുന്ന ശേഖരന്‍കുട്ടിയുടെ ജീവിതത്തിലേക്ക് രാധയുടെ അമ്മാവന്‍റെ മകന്‍ ജോജു അവതരിപ്പിക്കുന്ന അയ്യപ്പന്‍ വരുന്നിടത്ത് നിന്നും കഥ തുടങ്ങുന്നു.  കഥയിലെ ട്വിസ്ടുകളും!  ഒന്നാന്തരം തരികിടയും തല്ലിപ്പോളിയുമായ അയ്യപ്പന്‍ ശേഖരന്‍കുട്ടിയുടെയും കുടുംബത്തിന്റെയും സമാധാന ജീവിതം അപ്പാടെ തകരാറിലാക്കുന്നു.  അനിവാര്യമായ ഒരു സമയത്ത് നായകന്‍ പഴയ കാല ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതനാകുന്നു.  അവിടെ കഥക്ക് പല ട്വിസ്ടുകളും..!!!

മമ്മൂട്ടിയുടെ ഈ കാറ്റഗറി സിനിമകളുടെ ചുവടു പിടിച്ചു വന്ന സിനിമ.  പോക്കിരി രാജയും മറ്റും ഇറങ്ങിയ സമയത്ത് വരേണ്ടിയിരുന്ന സിനിമ.  റബ്ബര്‍ പന്ത് അടിച്ചാല്‍ തെറിച്ചുപോകുന്നപോലെ നായകന്‍റെ അടിക്ക് തെറിച്ചുപോകുന്ന വില്ലന്മാര്‍.  ഇക്കാലം ഒക്കെ കഴിഞ്ഞു എന്ന് സിനിമയുടെ അണിയറയിലെയും അരങ്ങത്തെയും ആളുകള്‍ക്ക് തോന്നിയില്ലെങ്കിലും കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് എന്തായാലും തോന്നും.  കൂടുതല്‍ എഴുതി സ്ഥലം കളയുന്നില്ല.

മമ്മൂട്ടി തന്‍റെ റോള്‍ ഭംഗിയാക്കി എന്ന് പറയാം.  പക്ഷെ ജോജു എന്ന നടന്‍റെ ഒരു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് എടുത്ത് പറയാതിരിക്കാനാവില്ല.

എന്‍റെ റേറ്റിംഗ്: 3/10


2014, നവംബർ 6, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വിക്രമാദിത്യന്‍

ഒരുപാട് നല്ല ചേരുവകള്‍ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനു വിപരീതമായി പോയ ഒരു കലാസൃഷ്ടി എന്നുവേണേല്‍ വിക്രമാദിത്യന്‍ എന്ന ഈ സിനിമയെ നമുക്ക് വിലയിരുത്താം.  ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനും ബഹുമുഖപ്രതിഭയുമായ ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ എന്ന രാജാവാണ് ചരിത്രത്തിലെ വിക്രമാദിത്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതെങ്കില്‍ ഈ സിനിമയില്‍ വിക്രമനും (ഉണ്ണി മുകുന്ദന്‍) ആദിത്യനും (ദുല്‍ഖര്‍) രണ്ടുപേരാണ്.  

ഒരേ ദിവസം ഏതാണ്ട് ഒരേ സമയത്ത് ജനിക്കുന്ന വിക്രവും ആദിത്യനും പരസ്പരം മത്സരിക്കുന്നവരാണ്.  അവര്‍ക്കിടയില്‍ വരുന്ന പെണ്‍കുട്ടി ദീപിക (നമിത പ്രമോദ്).  രണ്ടുപേര്‍ക്കും അല്‍പ്പം സോഫ്റ്റ്‌ കോര്‍ണര്‍ അവളില്‍ ഉണ്ടെങ്കിലും അവള്‍ക്ക് അല്‍പ്പം കൂടുതല്‍ ഇഷ്ടം ആദിത്യനോടാണ്.  ഒരു പ്രത്യേക സാഹചര്യത്തില്‍ അച്ഛന്‍ മരണപ്പെടുന്ന വിക്രമന്‍ ഏതാണ്ട് അച്ഛന്റെ ലൈനില്‍ തന്നെയാണ് പോകുന്നത്.  (അതെന്താണെന്ന് പറയൂല!) പോലീസുകാരനായ വാസുദേവ ഷേണായ് (അനൂപ്‌ മേനോന്‍) തന്‍റെ മകന്‍ വിക്രമനെ ഒരു പോലീസുകാരന്‍ ആക്കാനുള്ള പരിശ്രമത്തിലാണ്.  പരസ്പരം മത്സരിക്കുന്ന വിക്രമനും ആദിത്യനും ഇക്കാര്യത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്നില്ല.  ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അവര്‍ക്കിടയില്‍ വരുന്ന തടസ്സങ്ങളും അത് എങ്ങിനെ അവര്‍ അതിജീവിക്കുന്നു എന്നതുമാണ്‌ സിനിമ കാണിച്ചു തരുന്നത്.

ഇതില്‍ ഒന്നാമത് ന്യൂനതയായി പറയാവുന്നത് ലോജിക്ക് ഇല്ലായ്മ തന്നെയാണ്.  നല്ല ഒരു കഥ ഉണ്ടെങ്കിലും കഥാഗതിയും അതിലെ സംഭവ ബഹുലതയും ഒക്കെ തമ്മില്‍ അവിടവിടെ കണ്ണികള്‍ മുറിഞ്ഞുപോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..  ഇക്ബാല്‍ കുറ്റിപ്പുറം പൂര്‍ണ്ണമായും ഇതില്‍ ഏകാഗ്രത കാണിച്ചിരുന്നോ എന്നൊരു സംശയം വിലയിരുത്തുന്ന നമുക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ കഴിയില്ല.  തുല്യ പങ്ക് ലാല്‍ ജോസിനും ഉണ്ട്.  ലാല്‍ ജോസ് എന്‍റെ ഇഷ്ടസംവിധായകരില്‍ ഒരാളാണ് (പണ്ട് എറണാകുളം നഗരത്തില്‍ ട്രാഫിക് ബ്ലോക്കില്‍ വെച്ച് അദ്ദേഹത്തിന്‍റെ കാര്‍ കണ്ടു.  ഞങ്ങള്‍ വിഷ് ചെയ്തപ്പോള്‍ ഗ്ലാസ് തുറന്നു കൈപിടിച്ച് അഭിവാദ്യം ചെയ്തത് കൊണ്ടൊന്നും അല്ലാട്ടോ!). ഈ സിനിമ പോസ്റ്റ്‌ പ്രോഡക്ഷന്‍ നടത്തി റിലീസ് ചെയ്യിക്കേണ്ട ലാല്‍ജോസ് അന്ന് ലോക യാത്രയിലായിരുന്നു എന്നതാണ് അദ്ദേഹത്തിനു ഈ സിനിമയോട് ഉണ്ടായിരുന്ന പ്രതിബദ്ധതയില്‍ നമുക്ക് സംശയം ജനിപ്പിക്കുന്നത്!

ഈ അവലോകനത്തില്‍ ആദ്യം അല്പം ചരിത്രം പറയാന്‍ കാരണം - ചരിത്രത്തില്‍ വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന രാജാവ് ഒരു സംഭവമായിരുന്നു എങ്കില്‍ ഈ സിനിമ വിക്രമാദിത്യന്‍ ഒന്നുമല്ലാതെ പോകുന്നു എന്ന സങ്കടമാണ്.  അതും ലാല്‍ ജോസ് എന്ന സംവിധായകന്‍റെ പടം!

സാമ്പത്തിക വിജയമാണ് ഒരു സിനിമയുടെ വിജയം എന്ന് നമ്മള്‍ കരുതുന്നു എങ്കില്‍ ഈ സിനിമ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ എണ്ണാന്‍ കഴിയും.  പക്ഷെ വേണ്ടാത്ത ചില വലിച്ചു നീട്ടലുകളും അതിഭാവുകത്വം നിറഞ്ഞ സന്ദര്‍ഭങ്ങളും ഈ സിനിമ കാണുമ്പോള്‍ അല്‍പ്പം മടുപ്പ് നമുക്ക് സമ്മാനിക്കും.  

പക്ഷെ എടുത്ത് പറയാവുന്ന മനസ്സിനെ സ്പര്‍ശിക്കുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ നല്ല ഭംഗിയായി  അഭിനേതാക്കള്‍ കേമമാക്കി എന്ന് പറയാതെ വയ്യ.  ദുല്‍ഖര്‍, ഉണ്ണി, അനൂപ്‌ മേനോന്‍, ലെന, ജോയ് മാത്യു, നമിത പ്രമോദ്, പിന്നെ ആ കള്ളന്‍ കുഞ്ഞുണ്ണിയായി വന്ന നടന്‍ അങ്ങിനെ എല്ലാവരും.  പക്ഷെ ആദ്യം പറഞ്ഞപോലെ വിഭവങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു പക്ഷെ അത് പാകപ്പെടുത്തി എടുക്കുന്നതില്‍ ഉത്തരവാദിത്തമുള്ളവര്‍ പരാജയപ്പെട്ടു.  ഈ സിനിമയുടെ കുഴപ്പവും അത് തന്നെ!

എന്‍റെ റേറ്റിംഗ്: 4.5/10

2014, നവംബർ 3, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - മുന്നറിയിപ്പ്!

നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് - വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടാല്‍...!!  അതാണ്‌ ഈ സിനിമയിലെ ഹൈലൈറ്റ് എന്ന് എനിക്ക് തോന്നി ഈ പടം കണ്ടപ്പോള്‍.  തന്‍റേതായ ഒരു ലോകത്ത് അടങ്ങിയൊതുങ്ങി കഴിയുന്ന ഒരു വിഷജന്തുവിനെ പുറത്തെടുത്ത് അതിനെ തന്‍റെ വഴിക്ക് നടത്താന്‍ ശ്രമിച്ചപ്പോള്‍ കഥാനായികക്ക് നേരിടേണ്ടിവന്ന ദുരന്തമാണ് ചിത്രത്തിന്‍റെ പ്രമേയം. മംഗ്ലീഷ് എന്ന മാസ് കൂതറ സിനിമയില്‍നിന്നും മുന്നറിപ്പ് എന്ന ക്ലാസ് പടത്തില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ അഭിനയശേഷിയുടെ വേറൊരു തലത്തിലേക്ക് നമ്മള്‍ പ്രേക്ഷകര്‍ സഞ്ചരിക്കുകയാണ്. 


കൊലപാതകക്കേസില്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിട്ടുപോകാതെ ജയിലില്‍ തന്നെ താമസിക്കുന്ന സി.കെ. രാഘവന്‍ എന്ന വ്യക്തിയുടെ കഥയാണ് ഇത്. (ഇങ്ങിനെ ഇത്തിള്‍കണ്ണി പോലെ ജയിലില്‍ കൂടാന്‍ പറ്റുമോ എന്നൊന്നും ചോദിക്കരുത്!). അടുത്ത് വിരമിക്കാനിരിക്കുന്ന ജയില്‍ മേധാവിയുടെ (നെടുമുടി വേണു) ജീവചരിത്രക്കുറിപ്പുകള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട അഞ്ജലി അറക്കല്‍ (അപര്‍ണ്ണ ഗോപിനാഥ്) എന്ന ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തക ഇതിനിടയില്‍ സി.കെ. രാഘവന്‍ എന്ന ജയില്‍ പുള്ളിയെ യാദൃശ്ചികമായി കാണുന്നു.  അയാളുടെ വിവരങ്ങള്‍ അറിഞ്ഞ അഞ്ജലി ജയിലറുടെ കഥ ഉപേക്ഷിച്ചു രാഘവന്‍റെ പുറകെ പോകുകയാണ്.  രാഘവനെകൊണ്ട് അയാളുടെ കഥ എഴുതിച്ച് അത് ഒരു നല്ല ടൈറ്റില്‍ കൊടുത്ത് പുസ്തകമാക്കി സെന്‍സേഷന്‍ ഉണ്ടാക്കുകയാണ് അഞ്ജലിയുടെ ലക്‌ഷ്യം.  അതിനായി അവള്‍ പ്രസിദ്ധീകരണ രംഗത്തെ ചില വന്‍തോക്കുകളുടെ കൈയ്യില്‍ നിന്നും മുന്‍‌കൂര്‍ തുക കൈപ്പറ്റുകയും ചെയ്യുന്നു.

രാഘവനെകൊണ്ട് ആത്മകഥ എഴുതിക്കാന്‍ തീരുമാനിക്കുന്ന അഞ്ജലി അയാളെ ജയിലില്‍ നിന്ന് ഇറക്കി കൊണ്ടുവരുന്നു.  രാഘവന്‍ എന്ന വ്യക്തിയെ നമ്മള്‍ കൂടുതല്‍ മനസ്സിലാക്കുന്നത് ഇവിടം മുതലാണ്‌. തന്‍റേതായ ഒരുലോകത്ത് തന്‍റേതായ ന്യായാന്യായങ്ങള്‍ക്ക് വിധേയമായിട്ടാണ് അയാളുടെ ജീവിതം.  അതിനു തടസ്സം നിന്നിട്ടുള്ളവരെ അയാള്‍ കൊന്നുകളഞ്ഞു.  ലോക കാര്യങ്ങളില്‍ താല്പര്യം ഉണ്ടെന്നു തോന്നുന്ന സംഭാഷണങ്ങള്‍ പക്ഷെ പിന്നീടുള്ള കഥാഗതിയില്‍ സ്വാധീനം ചെലുത്തുന്നുമില്ല.  പുറത്തിറങ്ങുന്ന രാഘവന്‍ പക്ഷെ സമകാലിക ലോകത്തെ ജീവിതത്തില്‍ ഒരുതരം പുറംതിരിയല്‍ നടത്തുന്നു.  പക്ഷെ ചില പ്രത്യേക കാഴ്ചകള്‍ അയാളെ അസ്വസ്ഥനുമാക്കുന്നു.

മറുവശത്ത് രാഘവനെകൊണ്ട് ഒരു വരി പോലും എഴുതിക്കാനാകാതെ പറഞ്ഞ സമയപരിധി അടുക്കുന്തോറും അഞ്ജലിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു.  അതിന്‍റെ പര്യവസാനം വളരെ ദുരന്തപൂരിതമാകുന്നു.  നമ്മള്‍ ഒരു വ്യക്തിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അയാളെ നമ്മുടെ വഴിക്ക് കൊണ്ടുവരുന്ന സ്വാര്‍ത്ഥതയാണ് അഞ്ജലിയിലൂടെ കാണുന്നത്.  സ്വാര്‍ത്ഥത അംഗീകരിച്ചുകൊടുക്കുവാന്‍ രാഘവന്‍ തയ്യാറുമല്ല.  അയാളുടെ ഭൂതകാല ചരിത്രം പോലീസ് ഭാഷ്യത്തില്‍ പറയുന്നപോലെയേ സിനിമയില്‍ തുടര്‍ന്നും കാണുന്നുള്ളൂ.  രാഘവന്‍ എന്ന വ്യക്തിക്ക് അവള്‍ യാതൊരു സ്ഥാനവും പ്രാധാന്യവും കൊടുക്കുന്നില്ല.  തന്‍റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള ഒരു ഉപകരണമായിട്ടാണ് അഞ്ജലി രാഘവനെ കാണുന്നതും അയാളോട് പെരുമാറുന്നതും.  സ്വാതന്ത്ര്യത്തിനു തന്‍റേതായ നിര്‍വ്വചനവും സക്ഷാല്‍ക്കാരവും കല്‍പ്പിച്ചു ജീവിക്കുന്ന രാഘവന് ഇതൊക്കെ അസഹനീയവും!

സി.കെ. രാഘവനായി മമ്മൂട്ടി ഒരു വല്ലാത്ത അഭിനയം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.  അയാളുടെ ഓരോ ചലനങ്ങളിലും വാക്കുകളിലും അയാളില്‍ കുടികൊള്ളുന്ന ക്രൂരത ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം.  രാഘവന്‍റെ കണ്ണുകളിലെ നോട്ടം തന്നെ ശ്രദ്ധിച്ചു നോക്കിയാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരത നമുക്ക് കാണാം. മനസ്സിലെ ക്രൂരത ചില അര്‍ത്ഥവ്യാപ്തിയുള്ള വാക്കുകളില്‍ പൊതിഞ്ഞാണ് രാഘവന്‍ സൂക്ഷിക്കുന്നത്.  അവസാന രംഗത്തെ രാഘവന്‍റെ കണ്ണുകളില്‍ കാണുന്ന ഭാവം!  അതിനെ ഇവിടെ പകര്‍ത്താന്‍ വാക്കുകളില്ല!!!

വാദ്യഘോഷങ്ങളും ഫാന്‍സ്‌ എന്ന മണ്ടശിരോമണികളുടെ അലമ്പും ഇല്ലാതെ നമുക്ക് ആസ്വദിച്ചു കാണാവുന്ന ഒരു സിനിമയാണ് മുന്നറിയിപ്പ്.  സ്ക്രീനില്‍ മമ്മൂട്ടി എന്ന നടനെ നമ്മള്‍ കാണുന്നില്ല.  പകരം അവിടെ സി.കെ. രാഘവനും അഞ്ജലിയും ഒക്കെയാണ്.  അഞ്ജലി അറക്കല്‍ ആയിവന്ന അപര്‍ണ്ണയും നല്ല നീതിബോധം തന്‍റെ കഥാപാത്രത്തോട് കാട്ടി.  അതിഥിതാരമായി എത്തുന്ന പ്രിത്വിരാജ്‌ അടക്കം വേറെ പലരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.  പക്ഷെ ഓരോരുത്തരെയായി എടുത്ത് നോക്കിയാല്‍ എല്ലാവരിലും ഓരോ വൈവിധ്യം നിറഞ്ഞിരിക്കുന്നു.  സിനിമയുടെ തുടക്കത്തില്‍ വാഹന പരിശോധന നടത്തുന്ന പോലീസ് സീനടക്കം ചുരുക്കം ചില സീനുകള്‍ ഒഴിവാക്കാമായിരുന്നു.

ദയ എന്ന സിനിമക്ക് ശേഷം ശ്രീ. വേണു സംവിധാനം ചെയ്ത ഈ ചിത്രം എന്തുകൊണ്ടും മലയാള സിനിമയിലെ മികച്ച സിനിമയായി എണ്ണപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

എന്‍റെ റേറ്റിംഗ്: 9/10