1. തെഗിഡി (തമിഴ്)
നിരീക്ഷണത്തില്‍ നല്ല പാടവം കൈമുതലായുള്ള ക്രിമിനോളജി ബിരുദധാരി വെട്രി (അശോക് ശെല്വന്) ഒരു ഡിറ്റക്ടീവ് ആകുക എന്ന ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ്. അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത് നമ്പി (കാലി വെങ്കട്ട്)യുടെ കൂടെ ചെന്നെയില്‍ വെട്രി താമസമാക്കുന്നു. സാന്ദര്‍ഭികമായി അയാള്‍ക്ക് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയില്‍ ജോലി ലഭിക്കുകയും അതിന്റെ ഭാഗമായി ചിലരെ നിരീക്ഷിക്കുവാന്‍ അയാള്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഓരോ ജോലിയും പൂര്‍ത്തീകരിച്ചു പുതിയ ജോലിയിലേക്ക് അയാള്‍ എളുപ്പം നിയുക്തനാക്കപ്പെടുന്നു. ഇതിനിടയില്‍ സുന്ദരിയായ മധുശ്രീ (ജനനി അയ്യര്‍) എന്ന പെണ്‍കുട്ടിയെയും നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നു. നിരീക്ഷണം അവസാനം പ്രണയത്തില്‍ ചെന്ന് നില്ക്കുന്നു. നമ്പിയുടെ സഹായത്താല്‍ പ്രണയ സാക്ഷാല്‍ക്കാരത്തിനായി ശ്രമിക്കുന്ന വെട്രി ഏറ്റെടുത്ത ജോലിയില്‍ നിന്ന് ഇടക്ക് വ്യതിചലിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങള്‍.
താന്‍ ആരെയൊക്കെ നിരീക്ഷിച്ചുവോ അവര്‍ക്കെല്ലാം അപമൃത്യു സംഭവിക്കുന്നു. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുന്നത് വെട്രിയുടെ കണ്മുന്നില് അതും അവരുടെ ജീവന് രക്ഷിക്കാന്‍ അയാള്‍ ശ്രമിക്കുന്നതിനിടയില്‍! ഈ സംഭവങ്ങളുടെ ഗതി നിരീക്ഷിച്ച വെട്രി അടുത്ത ഇര തന്റെ പ്രനയഭാജനമായ മധുശ്രീ ആയിരിക്കും എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് അവളുടെയും തന്റെയും കൂട്ടുകാരന്റെയും ജീവന് അപകടത്തിലാണെന്ന് മനസ്സിലാക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ചെറിയ ഞെട്ടലുകള്‍ ഒക്കെ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഈ സിനിമ, നമ്മള്‍ക്ക് ഊഹിക്കാവുന്ന തരത്തിലുള്ള സംഭവങ്ങള്‍ വരുന്നതോടെ പിന്നീട് ഒരു അയഞ്ഞ മോഡിലാണ് നീങ്ങുന്നത്. യഥാര്‍ത്ഥ വില്ലന്‍ ആരെന്നു നമുക്ക് ഊഹിക്കാന്‍ പറ്റുന്നു. നായികാ നായകന്മാരുടെയും അവരുടെ കൂട്ടുകാരന്റെയും അഭിനയം കൊള്ളാം. എന്നാലും ഒരു പോരായ്മ ഫീല്‍ ചെയ്യുന്ന മൂവി. ഒരു രണ്ടാം ഭാഗത്തിന് കൂടി സ്കോപ്പ് ഇട്ടുകൊണ്ടാണ് കഥ അവസാനിക്കുന്നത്. അപ്പോഴും ഒരു ചെറിയ നിഗൂഡത ചൂഴ്ന്നു നില്ക്കുന്നു. എടുത്ത് പറയാന്‍ ഒന്നുമില്ല എന്ന് തോന്നുന്നത്കൊണ്ട് സാങ്കേതിക-ഗാന-സംഗീത വിഭാഗങ്ങളെ ഒഴിവാക്കുന്നു.
എന്റെ റേറ്റിംഗ്: 6/10